Article: ഐ.ടി സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരങ്ങളേറെ, എങ്ങനെ പ്രയോജനപ്പെടുത്താം? കേരള ഐടി പാര്‍ക്‌സ് സിഇഒ പിഎം ശശി എഴുതുന്നു.

 Sourcehttps://dhanamonline.com/opportunities/it-entrepreneurs-and-professionals-have-many-opportunities-how-to-take-advantage-of-them-says-pm-sasi/

കോവിഡ് പ്രതിസന്ധി കേരളത്തിലെ ഐടി മേഖലയില്‍ വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്. കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മാത്രമായി ഏകദേശം 1.1 ലക്ഷത്തിലേറെ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 95 ശതമാനം പേര്‍ ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. വര്‍ക് ഫ്രം ഹോം എന്ന വലിയ മാറ്റം ഇപ്പോള്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഈ കോവിഡ് പ്രതിസന്ധി കഴിഞ്ഞാലും ഈ ജീവനക്കാരില്‍ വലിയൊരു ശതമാനം ഇപ്പോഴത്തെ പ്രവര്‍ത്തനരീതി തുടരും.

വര്‍ക് ഫ്രം ഹോം ആയിരിക്കും ഭാവിയെന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ ആ മാറ്റം ഇത്രത്തോളം വേഗം വരുമെന്ന് ആരും വിചാരിച്ചില്ല. അതിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഇന്‍ഡസ്ട്രി ലീഡര്‍മാരുമായി ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വളരെ പെട്ടെന്ന് ഈ മാറ്റം വന്നതുകൊണ്ടുതന്നെ കാര്യമായ ഒരുക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ല. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍കൂടിയും ജീവനക്കാര്‍ വളരെപ്പെട്ടെന്ന് ആ മാറ്റത്തെ സ്വീകരിച്ചു. പക്ഷെ അതിനുശേഷം ഒന്നരമാസമൊക്കെ കഴിഞ്ഞപ്പോള്‍ പലരുടെയും ഉല്‍പ്പാദനക്ഷമത കുറയാന്‍ തുടങ്ങിയെന്ന് പല കമ്പനികളും പറഞ്ഞു.

കെട്ടുവള്ളത്തിലും ജോലി ചെയ്യാം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കമ്പനികളും ജീവനക്കാരും പറയുകയുണ്ടായി. ചില സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നം, ചിലയിടങ്ങളില്‍ വൈദ്യുതി പോയിക്കഴിഞ്ഞാല്‍ ഏറെ കഴിഞ്ഞാകും വരുന്നത്, ചിലര്‍ക്ക് വീടുകളിലിരുന്ന് ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകില്ല… തുടങ്ങിയ പ്രശ്‌നങ്ങള്‍. അങ്ങനെയാണ് ഞങ്ങള്‍ വര്‍ക് നിയര്‍ ഹോം (work near home) എന്ന ആശയത്തെക്കുറിച്ച് ചിന്തിച്ചത്. അതായത് വീടിന് അടുത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഓഫീസ് സ്‌പേസ് ഒരുക്കുക.

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സ്വസ്ഥമായിരുന്ന് ജോലി ചെയ്യുന്നതിനുള്ള ഒരു പ്രീമിയം സാഹചര്യം ഒരുക്കണമെന്നാണ് ചിന്തിച്ചത്. യൂബറിന്റെ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കേരളത്തിലെ ഒരു ബീച്ച് റിസോര്‍ട്ടിലിരുന്നാണല്ലോ അവര്‍ ചെയ്തത്. നല്ല ആശയങ്ങള്‍ വരാന്‍ ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം സഹായിക്കും.

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ് എന്നതാണ് ഹൗസ് ബോട്ട്, റിസോര്‍ട്ട്, ഹോട്ടലുകള്‍ തുടങ്ങിയവ താല്‍ക്കാലിക ഓഫീസ് സ്‌പേസ് ആക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായതിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന പല പ്രോപ്പര്‍ട്ടി ഉടമകളും വിളിക്കുകയുണ്ടായി.

വിദേശത്തും സംസ്ഥാനത്തിന് പുറത്തുമുള്ള ചില കമ്പനികളുടെ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ളവരാണ്. ആ ജീവനക്കാര്‍ക്ക് കേരളത്തില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന് ആ കമ്പനികള്‍ നമ്മുടെ വര്‍ക് നിയര്‍ ഹോം എന്ന ആശയത്തിന്റെ റിപ്പോര്‍ട്ട് കണ്ടതിനുശേഷം ആവശ്യപ്പെടുകയുണ്ടായി.

കേരളത്തിലെ ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല

കോവിഡ് പ്രതിസന്ധി കേരളത്തിലെ ഐടി മേഖലയെ കാര്യമായി ബാധിച്ചില്ലെന്നത് ആശ്വാസകരമാണ്. നമുക്കിത് ഒരു അവസരമാക്കാമെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐടി മേഖലയില്‍ നിന്നുള്ളവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതില്‍ ഒരാള്‍ പോലും ബിസിനസ് മോശമായമെന്ന് പറഞ്ഞില്ലെന്ന് മാത്രമല്ല ചിലര്‍ ബിസിനസ് കൂടിയെന്ന് പറഞ്ഞു. കേരളം കോവിഡിനെ വളരെ നന്നായി പ്രതിരോധിക്കുന്നതുകൊണ്ട് ലോകമാധ്യമങ്ങളില്‍ കേരളം നിറഞ്ഞുനില്‍ക്കുകയാണ് എന്നതുതന്നെ അതിന് കാരണം.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഐടി മേഖലയില്‍ നിക്ഷേപം നടത്താനും സ്ഥാപനങ്ങളെ ഏറ്റെടുക്കാനുമൊക്കെയായി നിരവധി അന്വേഷണങ്ങള്‍ നമുക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവസരങ്ങള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. ടൂറിസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍ ഓയ്ല്‍ തുടങ്ങിയ കമ്പനികള്‍ക്ക് സേവനം കൊടുത്തുകൊണ്ടിരുന്ന ഐടി കമ്പനികള്‍ക്ക് ചെറിയ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അത് ചെറിയ ശതമാനം മാത്രമേ വരുന്നുള്ളു. ഒന്നോ രണ്ടോ ക്ലൈന്റുമായി മുന്നോട്ടുപോയിരുന്ന വളരെ ചെറിയ കമ്പനികള്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. പക്ഷെ ഇടത്തരം, വലിയ കമ്പനികള്‍ക്ക് ഇതുവരെ കേരളത്തില്‍ പ്രശ്‌നമുള്ളതായി പറഞ്ഞില്ല.

പ്രതിസന്ധിയിലെ അവസരങ്ങള്‍ കണ്ടെത്താം

ഒരുപാട് അവസരങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ലോകം കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ നമുക്കറിയാമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് കൂടുതല്‍ പ്രസക്തിയുണ്ടായി. ഇപ്പോള്‍ മനുഷ്യരെ ആശ്രയിച്ചുചെയ്യുന്ന ജോലികള്‍ പരമാവധി കുറയ്‌ക്കേണ്ട ആവശ്യകതയുണ്ടായി. സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ്. ഗിഗ് ഇക്കണോമിയിലേക്ക് നാം പോകുന്നത്. അതായത് ഒരു സ്ഥാപനത്തിലും ജീവനക്കാരാകാതെ ഫ്രീലാന്‍സിംഗ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് മികച്ച അവസരമായിരിക്കും വരുന്നത്. വര്‍ക് നിയര്‍ ഹോം പോലുള്ള സൗകര്യങ്ങള്‍ അവര്‍ക്ക് വളരെ സഹായകരായിരിക്കും.

ഈ മേഖലകള്‍ കത്തിനില്‍ക്കും

30 വര്‍ഷങ്ങള്‍ക്കുമുമ്പേ ഉണ്ടായിരുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എങ്കിലും അന്നതിന് കാര്യമായ ആപ്ലിക്കേഷന്‍സ് കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ട് അന്നത്ര വളരാനായില്ല. എന്നാല്‍ ഇപ്പോഴത് റിയല്‍ വേള്‍ഡ് ആപ്ലിക്കേഷനുകളിലേക്ക് പതിയെ വരുന്നു. വരും നാളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും മെഷീന്‍ ലേണിംഗിനും പ്രസക്തിയേറും. യഥാര്‍ത്ഥ ലോകത്തെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഏറെ ചെയ്യാനുള്ളതുകൊണ്ട് അതിന്റെ സാധ്യതകള്‍ വളരെ വലുതായിരിക്കും. കുറേക്കാലത്തേക്ക് അത് കത്തിനില്‍ക്കും. അതുപോലെ ഡാറ്റ സയന്‍സ് മറ്റൊരു അനന്തസാധ്യതകളുള്ള മേഖലയായി വളരും. നാളെ വലിയ കമ്പനികളുടെ പോലും ഭാവി നിര്‍ണ്ണയിക്കുന്നത് ഡാറ്റയുടെ ലഭ്യതയും അത് പ്രോസസ് ചെയ്യാനുള്ള കഴിവുമായിരിക്കും. ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളെല്ലാം ഡാറ്റയുടെ ശക്തി കൊണ്ടല്ലേ ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളായി മാറിയിരിക്കുന്നത്. ലഭ്യമായ ഡാറ്റ വിശകലനം ചെയ്ത് ഉപയോഗപ്രദമായ രീതിയില്‍ ലഭ്യമാക്കാന്‍ കഴിവുള്ള പ്രൊഫഷണലുകള്‍ക്ക് ഏറെ സാധ്യതകളുണ്ട്.

അതുപോലെ ഇന്‍ഡസ്ട്രി 4.0യുടെ കാലമായിരിക്കും വരുന്നത്. അതായത് ടെക്‌നോളജി എനേബിള്‍ഡ് ആയ വ്യവസായങ്ങള്‍ക്കായിരിക്കും ഇനി ഭാവി. പ്രത്യേകിച്ച് മാനുഫാക്ചറിംഗ് മേഖലയില്‍. ആളുകളുടെ സാമിപ്യം ഏറ്റവും കുറച്ച് തനിയെ ആശയവിനിമയം നടത്തുകയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് തനിയെ പരിഹരിക്കാനും കഴിവുള്ള മെഷീനുകള്‍ വ്യവസായരംഗത്ത് സ്ഥാനം പിടിക്കും. അതും നേരത്തെതന്നെ വന്നിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിലേക്കുള്ള മാറ്റം അതിവേഗമായിരിക്കും.

ഈ സമയം പ്രയോജനപ്പെടുത്താം

അടുത്ത ആറ് മാസത്തേക്ക് നേരത്തെയുണ്ടായിരുന്ന അത്രയും ജോലിസാധ്യതകള്‍ ഉണ്ടാകില്ല. ഏത് ടെക്‌നോളജി മേഖലയിലുള്ളവരായാലും ഈ സമയം തങ്ങളുടെ മേഖലയിലെ കഴിവ് കൂട്ടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അതിനുള്ള സമയമായി ഇതിനെ കാണണം. പ്രത്യേകിച്ച് പഠിച്ച് പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണ്. പക്ഷെ അവസരങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. 2021-22 ആകുമ്പോള്‍ വളര്‍ച്ചാനിരക്ക് പഴയതിലേക്ക് തിരിച്ചുപോകുമെന്നാണ് പ്രവചനങ്ങള്‍.

നിങ്ങളുടെ കഴിവുകള്‍ കൂട്ടാന്‍ സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇപ്പോഴുണ്ട്. mooc, coursera, educity, udemy തുടങ്ങിയ നിരവധി സൈറ്റുകള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തരുന്നുണ്ട്. ഇതില്‍ coursera ആണ് ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത്. എംഐറ്റി, ഹാര്‍വാര്‍ഡ് തുടങ്ങിയവയിലെ പ്രൊഫസര്‍മാരുടെ ക്ലാസുകള്‍ നമുക്ക് നേരിട്ട് കിട്ടുന്നു. അതാണ് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ഏറ്റവും വലിയ സവിശേഷത.
നിങ്ങള്‍ എവിടെയാണെന്നത് ഒരു പ്രശ്‌നമേയല്ല. വലിയ ഫീസും വേണ്ട. നിരവധി കോഴ്‌സുകള്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെങ്കില്‍ സൗജന്യവുമാണ്.

നിങ്ങള്‍ ഏത് മേഖലയിലാണെങ്കിലും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയെന്നത് പരമപ്രധാനമാണ്. ഇപ്പോള്‍ അതിന്റെയെല്ലാം പ്രാധാന്യം പണ്ടത്തേതിനേക്കാള്‍ കൂടും. ജോലിയിലേക്ക് കയറിക്കഴിഞ്ഞാല്‍ പഠിക്കേണ്ടതില്ലെന്ന രീതിയൊക്കെ മാറി. പഠനം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു തുടര്‍ച്ചയായ പ്രോസസായി മാറിക്കഴിഞ്ഞു. ഈ സമയം നന്നായി പ്രയോജനപ്പെടുത്താന്‍ മറക്കാതിരിക്കുക.

Comments